ഉടമ്പടിയില്‍ ദൃഢത (#9783)

അവനാണു ശക്തനും ക്ഷമാവാരിധിയും ദയാലുവും! 
ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ സേവകരെ തെറ്റിന്‍റെയും അധഃപതനത്തിന്‍റേയും അഗാധഗര്‍ത്തങ്ങളില്‍ അങ്ങു കാണുന്നുണ്ട്. എവിടെയാണ് അവിടുത്തെ ദിവ്യമാര്‍ഗദര്‍ശനത്തിന്‍റെ പ്രകാശം, അല്ലയോ ലോകത്തിന്‍റെ അഭിലാഷമായവനേ? അവരുടെ നിസ്സഹായതയും അവരുടെ ദുര്‍ബ്ബലതയും അങ്ങക്കറിയാം. എവിടെയാണ് അവിടുത്തെ ശക്തി, അല്ലയോ ഭൂസ്വര്‍ഗങ്ങളുടെ ശക്തികള്‍ പിടിയിലുള്ളവനേ?
പ്രഭോ, എന്‍റെ ദൈവമേ, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ പ്രകാശങ്ങളുടെ തിളക്കത്താലും അവിടുത്തെ ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും സമുദ്രത്തിലെ തിരമാലകളാലും അവിടുത്തെ സാമ്രാജ്യത്തിലെ ജനങ്ങളെ അങ്ങു പ്രചോദിപ്പിച്ച അവിടുത്തെ വചനത്താലും ഞാന്‍ അങ്ങയോടു അര്‍ത്ഥിക്കുന്നു, എന്നെ അവിടുത്തെ ഗ്രന്ഥത്തിലെ അങ്ങയുടെ കല്‍പനകളെ അനുസരിക്കുന്നവരില്‍ ഒരാളാക്കുമാറാക്കേണമേ. അവിടുത്തെ ഔദാര്യത്തിന്‍റെ കോപ്പയില്‍ നിന്ന് ദിവ്യപ്രചോദനത്തിന്‍റെ വീഞ്ഞ് മോന്തിക്കുടിച്ചവരും അവിടുത്തെ സംപ്രീതിക്കായി ഓടി അണഞ്ഞവരും അവിടുത്തെ ഉടമ്പടിയും ഒസൃത്തും അനുസരിച്ചവരും ആയ അവിടുത്തെ വിശ്വസ്തര്‍ക്കായി അങ്ങു കല്‍പ്പിച്ചിട്ടുള്ളതിനെ എനിക്കായും അങ്ങു കല്‍പിച്ചാലും. അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സര്‍വ്വജ്ഞനും സര്‍വ്വവിവേകിയുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
പ്രഭോ, അവിടുത്തെ ഔദാര്യത്താല്‍ ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും എനിക്ക് അഭിവൃദ്ധി ഉണ്ടാക്കുന്നവ എനിക്കുവേണ്ടി വിധിച്ചാലും. എന്നെ അവിടുത്തെ സാമിപ്യത്തിലേക്ക് അടുപ്പിച്ചാലും, അല്ലയോ എല്ലാമനുഷ്യര്‍ക്കും നാഥനായുള്ളവനേ. ഏകനും ശക്തനും പ്രകീര്‍ത്തിതനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

ഉടമ്പടിയില്‍ ദൃഢത (#9784)

എന്‍റെ പ്രഭോ, എന്‍റെ പ്രതീക്ഷേ! അവിടുത്തെ പ്രബലമായ ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കാനും അവിടുത്തെ പ്രത്യക്ഷമാക്കപ്പെട്ട ധര്‍മ്മത്തോട് വിശ്വസ്തതയോടെ നിലകൊള്ളാനും അവിടുത്തെ തിളക്കമേറിയ ഗ്രന്ഥത്തില്‍ അവര്‍ക്കായി അങ്ങു താഴേക്കയച്ചിട്ടുള്ള കല്‍പനകളെ നിറവേറ്റുന്നതിനും അവിടുത്തെ പ്രിയങ്കരരെ സഹായിച്ചാലും. അങ്ങനെ അവര്‍ മാര്‍ഗദര്‍ശനത്തിന്‍റെ പതാകാവാഹകരും അത്യുന്നത സദസ്സിലെ വിളക്കുകളും, അവിടുത്തെ അനന്തമായ വിവേകത്തിന്‍റെ ഉറവയും സ്വര്‍ഗ്ഗീയമായ ആകാശത്തു നിന്നു താഴേക്കു തിളങ്ങിക്കൊണ്ട് ശരിയായ വിധത്തില്‍ നയിക്കുന്ന നക്ഷത്രങ്ങളും ആയിത്തീരുമാറാകട്ടെ. സത്യമായും അങ്ങാണ് അജയ്യനും സര്‍വ്വപ്രബലനും സര്‍വ്വശക്തനും.

-`Abdu'l-Bahá
-----------------------

ഉടമ്പടിയില്‍ ദൃഢത (#9785)

പ്രഭോ, ഞങ്ങളുടെ ചുവടുകളെ അങ്ങയുടെ പാതയില്‍ ദൃഢപ്പെടുത്തിയാലും. ഞങ്ങളുടെ ഹൃദയങ്ങളെ അവിടുത്തെ അനുസരണയാല്‍ അവിടുന്നു ശക്തമാക്കിയാലും. അവിടുത്തെ ഏകത്വത്തിന്‍റെ തിരുസൗന്ദര്യത്തിനുനേര്‍ക്ക് ഞങ്ങളുടെ വദനങ്ങള്‍ തിരിച്ചാലും. അവിടുത്തെ ദൈവികൈക്യത്തിന്‍റെ അടയാളങ്ങളാല്‍ ഞങ്ങളുടെ വക്ഷസ്സുകളെ സന്തോഷിപ്പിച്ചാലും. അവിടുത്തെ ഔദാര്യമാകുന്ന വസ്ത്രങ്ങളാല്‍ ഞങ്ങളുടെ ശരീരങ്ങളെ ഭൂഷിതമാക്കിയാലും. ഞങ്ങളുടെ നേത്രങ്ങളില്‍ നിന്ന് പാപത്തിന്‍റെ മറയെ നീക്കം ചെയ്താലും. അവിടുത്തെ കാരുണ്യത്തിന്‍റെ പാനപാത്രം ഞങ്ങള്‍ക്കുതന്നാലും. അങ്ങനെ സകല അസ്തിത്വങ്ങളുടേയും സത്ത അവിടുത്തെ ദര്‍ശനഭംഗിക്കു മുമ്പില്‍ അവിടുത്തെ സ്തുതി പാടട്ടെ. എന്‍റെ പ്രഭോ, അവിടുത്തെ ദയാപൂര്‍ണ്ണമായ ഭാഷണത്താലും അവിടുത്തെ ദിവ്യമായ അസ്തിത്വത്തിന്‍റെ നിഗൂഢതയാലും സ്വയം വെളിപ്പെടുത്തിയാലും.
അങ്ങനെ പ്രാര്‍ത്ഥനയുടെ വിശുദ്ധമായ ആത്മീയോല്‍ക്കര്‍ഷം ഞങ്ങളുടെ ആത്മാവുകളെ നിറക്കട്ടെ-വാക്കുകള്‍ക്കും വചനങ്ങള്‍ക്കും  മീതെ ഉയര്‍ന്നു നില്‍ക്കുന്നതും അക്ഷരങ്ങളുടേയും സ്വരങ്ങളുടേയും മര്‍മ്മരശബ്ദങ്ങളെ അതിശയിക്കുന്നതുമായ ഒരു പ്രാര്‍ത്ഥന-അങ്ങനെ അവിടുത്തെ അത്യുത്തമ വെളിപാടിന്‍റെ മുമ്പില്‍ സകല വസ്തുക്കളും ശൂന്യതയിലേക്കു ലയിക്കട്ടെ. പ്രഭോ! അവിടുത്തെ ഉടമ്പടിയിലും ഒസൃത്തിലും ദൃഢതയോടും വേഗതയോടും നിലകൊണ്ടവരും അവിടുത്തെ ധര്‍മ്മത്തില്‍ സ്ഥിരതയുടെ ചരട് മുറുകെപ്പിടിച്ചിട്ടുള്ളവരും അവിടുത്തെ മഹത്വത്തിന്‍റെ വസ്ത്രാഞ്ചലത്തില്‍ പറ്റിപ്പിടിച്ചവരും ആയ സേവകരാണിവര്‍. പ്രഭോ, അവിടുത്തെ കാരുണ്യത്താല്‍ അവരെ സഹായിച്ചാലും. അവിടുത്തെ ശക്തിയാല്‍ സ്ഥിരീകരിച്ചാലും. അങ്ങയോടുള്ള അനുസരണയാല്‍ അവരുടെ ആത്മചൈതന്യത്തെ പ്രബലമാക്കിയാലും. അങ്ങു ക്ഷമിക്കുന്നവനും കരുണാവാരിധിയുമാണ്.

-`Abdu'l-Bahá
-----------------------

